കോടഞ്ചേരി: കനത്ത മഴയെ തുടര്ന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്ഡ് ചിപ്പിലിത്തോട് - മരുതിലാവ് റോഡിലെ 25 വര്ഷം മുമ്പ് നിര്മിച്ച ബിസിബി പാലം തകര്ന്നു. പാലത്തിന്റെ ഭാഗത്ത് വലിയ ഗര്ത്തം രൂപപ്പെട്ടു.
ഇതേ തുടര്ന്ന് ചിപ്പിലിത്തോട് - മരുതിലാവ് റോഡിലെ മേല്പ്പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി നിഖില് അറിയിച്ചു.
സ്കൂള് വാഹനങ്ങള് ഉള്പ്പെടെ നിരവധി വാഹനങ്ങളും നാട്ടുകാരും ദിവസവും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.
സമീപത്തെ കാട്ടില് ഉരുള്പൊട്ടല് ഉണ്ടായതാണ് ശക്തമായ മഴവെള്ളപ്പാച്ചിലിന് കാരണമായതെന്ന് നാട്ടുകാര് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന് വിന്സെന്റ് വടക്കേമുറിയില്, ആസൂത്രണ സമിതി ഉപാധ്യക്ഷന് സജി നിരവത്ത്, എല്എസ്ജിഡി എഇ സി.ജെ.അര്ച്ചന, ശിവദാസന് താഴെപാലാട്ട് എന്നിവര് സ്ഥലം സന്ദര്ശിച്ചു.
ദുരന്തനിവാരണ പദ്ധതിയില് ഉള്പ്പെടുത്തി പാലം പുനര്നിര്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വാര്ഡ് മെമ്പര് പി. ബാബു പട്ടരാട്ട്, വാര്ഡ് കണ്വീനര് സി.എം ജോസഫ്, ചെന്നിക്കര സജി, പുളിന്തറ തങ്കച്ചന് പാലകാമറ്റത്തില് എന്നിവര് ആവശ്യപ്പെട്ടു.